Sunday, 14 August 2016

ഒരു പ്രവാസിയുടെ നാട്ടിലെ സ്വാതന്ത്രദിന ഓർമ്മകൾ (Independence day Memories of an Expat)

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നാട്ടിൻ പുറത്ത്‌  ഒരുത്സവം പോലെ കൊണ്ടാടിയ ഒരു കാലം, അതായത്‌ ഒരു പതിനഞ്ച്‌ വർഷം മുൻപ്‌. പഠനത്തിനും ജോലിക്കുമിടയിൽ കിട്ടിയ രണ്ട്‌ വർഷത്തെ തിരക്കൊഴിഞ്ഞ കാലം. വീട്ടിലെ ചട്ടക്കൂടിനകത്ത്‌ നിന്ന് തഞ്ചത്തിൽ പുറത്ത്‌ ചാടി മൈതാനത്തും നാട്ടു ഇടങ്ങളിലും കളിയും നാടകവും കല്യാണ വീടുകളിൽ തലേനാൾ ഒത്ത്‌ കൂടുന്ന ഗാനമേളകളും ക്ലബ്ബിന്റെ വാർഷികവും പരിപാടികളുമായ്‌ കൂട്ടുകാരോടൊത്ത്‌ രാത്രി 2 മണി വരെ വൈകിയെത്തുന്ന രസകരമായ കാലം. കർക്കശക്കാരനായ വാപ്പ നാട്ടിൽ മൈക്കിന്റെ മുൻപിലും സ്റ്റേജിലും മകനെ കണ്ട്‌ തുടങ്ങിയതും ചെയ്യുന്ന കാര്യങ്ങൾ നല്ലതാണെന്ന ബോധ്യം വന്നതും കൊണ്ടും വലിയ എതിർപ്പ്‌ ഒന്നും കാണിച്ചിരുന്നില്ല. ആ സമയത്താണു ജീവിതത്തിൽ നല്ല സൗഹൃദങ്ങളെ തിരഞ്ഞ്‌ കൂടെ കൂട്ടാൻ കഴിഞ്ഞതും. അതിൽ വലിയ സ്ഥാനമാണു നൗഫലിനു. മിക്കവാറും എല്ലാ കാര്യങ്ങളിലും ഒരേ അഭിരുചികളും. ഒരുമിച്ചായിരുന്നു പിന്നീട്‌ എല്ലാ കാര്യങ്ങൾക്കും. ക്ലബ്ബിന്റെ നോട്ടീസുകൾ ഡ്രാഫ്റ്റ്‌ ചെയ്യുക , ഉത്സവ പറമ്പുകളിൽ നല്ല വാട്സ്‌ ഉള്ള സൗണ്ട്‌ ബോക്സിൽ ക്ലബ്ബിന്റെ പരിപാടികൾ ഘന ഗാംഭീര്യത്തൊടെ പറയാൻ തള്ളി വിടുക, കല്യാണ തലേന്ന് കൂട്ടത്തിൽ നിന്ന് എഴുന്നേറ്റ്‌ പോയി മൈക്കിൽ അടുത്ത പാട്ടിനായി ക്ഷണിച്ച്‌ ഇടങ്ങേറാക്കുക, ക്ലബ്ബിന്റെ സൗജന്യ ഹെൽത്ത്‌ ക്ലിനിക്‌ ചർച്ചകൾ , വാർഷിക പരിപാടിക്ക്‌ വേണ്ടിയുള്ള നാടക റിഹേഴ്സലുകൾ അങ്ങിനെ നൗഫലും മുജീബും ഷബീർ അലിയും തുടങ്ങിയവരുമായുള്ള ചങ്ങാത്തത്തിന്റെ മനോഹരമായ കാലം.
സ്വാതന്ത്യ ദിന ആഘോഷങ്ങൾ വിപുലമായി നടത്തുമായിരുന്നു ഞങ്ങൾ . ക്ലബ്ബ്‌ പരിസരത്ത്‌ നാളികേരം ചിരകി പായസം വെച്ച്‌ രാവിലെ പതാക ഉയർത്തി ചേറ്റുവ സ്കുളിലെ കുട്ടികളെ അണിനിരത്തി വർഗ്ഗീയതക്ക്‌ എതിരെ റാലി സംഘടിപ്പിച്ച്‌ കുട്ടികൾക്ക്‌ കായിക മൽസരങ്ങൾ സംഘടിപ്പിച്ച്‌ പുഴുങ്ങിയ കോഴിമുട്ട , നേന്ത്ര പഴം തുടങ്ങിയവ സമ്മാനമായും അത്‌ നൽകാൻ അയൽ വക്കത്തെ രാജേട്ടനെയും സൊമേട്ടനേയും കുഞ്ഞ്‌ മൊയ്തീൻ ഇക്കായേം ക്ഷണിച്ച്‌ അങ്ങിനെ തടിച്ച്‌ കൂടുന്ന സമീപ വാസികളിൽ സ്ത്രീകൾക്ക്‌ കസേര കളിയും ചെക്കന്മാർക്ക്‌ വടം വലി മൽസരവുമൊക്കെയൊരുക്കി ഒരടിപൊളി കാലം. അങ്ങിനെയുള്ള സ്ഥിരം പരിപാടികൾക്ക്‌ ഇടയിൽ സ്വാതന്ത്ര്യ ദിനത്തിനു ഒരു നാടകം ചെയ്താലൊ എന്നായി അടുത്ത ചിന്ത.പിന്നീടുള്ള രാത്രികളിൽ ഉറക്കം തൂങ്ങുന്ന നൗഫലിനെ തട്ടി തട്ടി ഒരൊ ഡയലോഗും അങ്ങോട്ടും ഇങ്ങൊട്ടും പറഞ്ഞുറപ്പിച്ച്‌ സ്ക്രിപ്റ്റ്‌ റെഡിയാക്കി. ഷെമു , മിഥു , മുക്താർ , ബിന്ദേഷ്‌ , നബീൽ , റഫി അങ്ങിനെ എല്ലാവരേയും കൂട്ടി പിന്നീട്‌ നാടക റിഹേർസ്സൽ രാവുകൾ.
"ലീവിനു വരുന്ന പട്ടാളക്കാരനായ മകനെ കാത്ത്‌ റയിൽ വേ സ്റ്റേഷനിൽ കാത്തിരിക്കുന്ന അച്ഛൻ , മകൻ വന്നാൽ നാട്ടിലെ ഉത്സവത്തിനു മകനുമൊന്നിച്ച് തെയ്യം കാണുവാനും സന്തോഷകരമായ ദിനങ്ങൾ സ്വപ്നം കണ്ടിരിക്കുന്ന രംഗത്തിനു മറു ഭാഗത്ത്‌ പട്ടാള ക്യാമ്പും ലീവിനു വരാൻ ഒരുങ്ങുന്ന പട്ടാളക്കാരനെ ഉടനെ യുദ്ധഭൂമിയിലേക്ക്‌ അടിയന്തിരമായി തയ്യാറാകാൻ ഉത്തരവ്‌ വരുന്നതും , അതിർത്തിയിൽ വീരോചിതം പോരാടുന്ന പട്ടാളക്കാരനെ എതിർ സൈന്യം ബന്ധിക്കുന്നതും എതിർ പട്ടാള മേധാവിക്ക്‌ രാജ്യ സുരക്ഷാ വിവരങ്ങൾ കൈമാറാൻ തയ്യാറാകാതെ വീര മരണം ഏൽക്കേണ്ടി വരുന്നതും മകനെ പല ദിനം കാത്തിരുന്ന അച്ഛനു മുൻപിൽ ജീവനറ്റ മകനെത്തുന്നതും അതിലെ നാടകീയ വൈകാരിക രംഗങ്ങളും അടങ്ങുന്ന ഒരു നാടകം."
ദിവസങ്ങളോളം ഉള്ള റിഹേർസ്സൽ രാത്രികൾ. മൈതാനത്തെ ശബ്ദമുഖരിതമാക്കി പരിശീലന ദിനങ്ങൾ. ക്യാമ്പിലെ തമാശകൾ , പിണക്കങ്ങൾ , ഉജ്ജ്വല പ്രകടനങ്ങളുമായി നടന്മാർ,എങ്ങും ഉത്സാഹം...! ചുറ്റു വട്ടമുണർന്നു, ഞങ്ങൾ കുട്ടികൾക്ക്‌ പ്രൊത്സാഹനമായി ധാരാളം പേർ. നാടകാവതരണ ദിനം തലേ ദിവസം മുതൽ പായസം വെക്കലും പതാക ഉയർത്തലും റാലിയും വൈകീട്ടത്തെ നാടകത്തിനായുള്ള ഒരുക്കങ്ങൾ. സൗണ്ട്‌ ബോക്സ്‌ വന്നു. സ്റ്റേജും കാണികളും വ്യത്യാസമില്ലാതെ കാണികൾക്കിടയിൽ നിന്നും വശങ്ങളിൽ നിന്നുമെല്ലാം അഭിനേതാക്കൾ വരുന്ന രീതിയിലായിരുന്നു നാടകം രൂപ പെടുത്തിയിരുന്നത്‌. പട്ടാളക്കാർക്ക്‌ ഉള്ള വേഷങ്ങൾ തയ്യാർ , പശ്ചാത്തല സംഗീതമായി ബോർഡർ സിനിമയിൽ നിന്നും കാസറ്റിലാക്കിയ വെടിയൊച്ചകളും തീം മ്യൂസിക്കും എല്ലാം റെഡി. 5 മണി മുതൽ മൈതാനത്ത്‌ അനൗൺസ്മെന്റുകൾ തുടങ്ങി. എല്ലാവരും വലിയ ആവേശത്തിൽ. സംവിധായകരുടെ ഓട്ട പാച്ചിലിൽ ഞാനും നൗഫലും. ഉറക്കമൊഴിഞ്ഞ രാവുകൾക്ക്‌ സായൂജ്യമൊരുങ്ങുന്ന നാടക സന്ധ്യ. ഇരുണ്ട്‌ തുടങ്ങി , മൈതാനത്ത്‌ കുഞ്ഞ്‌ മക്കൾ വന്ന് തുടങ്ങി. ബോക്സിൽ അന്നത്തെ ഹിറ്റ്‌ പാട്ടുകൾ ശബ്ദിക്കാൻ തുടങ്ങി. സുഷമെച്ചിയുടെ കാർ പോർച്ചിൽ ആയിരുന്നു ഗ്രീൻ റൂം. വേഷങ്ങൾ ഇട്ട പട്ടാളക്കാർ , ചിലർക്ക്‌ കൊമ്പൻ മീശ. നടക്കാനിരിക്കുന്ന നാടകത്തിന്റെ തുടിപ്പ്‌ ഒരൊ മുഖത്തും വിരിഞ്ഞ്‌ നിൽക്കുന്നു. ആകാശം ഇരുട്ട്‌ കയറി , ദൂരെ നിന്ന് ചെറിയ ഇടി മുഴക്കങ്ങൾ , കാർമേഘങ്ങൾ വളരെ പെട്ടെന്നാണു നാടകമോഹങ്ങൾക്ക്‌ മേലെ ഉരുണ്ട്‌ കയറിയത്‌. കാറ്റ്‌ ശക്തമായി വീശി , പിന്നെയങ്ങോട്ട്‌ ചറ പറാന്ന് മഴ തുള്ളിക്ക്‌ ഒരു ക്വിന്റൽ കണക്കേ പെയ്യാൻ തുടങ്ങി. ആകെ ചളി പിളി , നെട്ടോട്ടങ്ങൾ. മഴക്ക്‌ ഒരു കൂസലുമില്ല , നിങ്ങളിനി നാടകം കളിക്കുന്നത്‌ കാണട്ടെ എന്ന മട്ടിൽ മണിക്കൂർ നീണ്ട മഴ ....!!!
മൈതാനം വെള്ളം കെട്ടി നിറഞ്ഞു. നിരാശരായി നാടകം ഉപേക്ഷിച്ച്‌ അന്നെല്ലാവരും മടങ്ങി. നടക്കാതെ പോയ മറ്റൊരു നാടക ശ്രമം. രസമായിരുന്നു ആ കാലം.
എല്ലാവർക്കും സ്വാതന്ത്രദിനാശംസകൾ
ഷെരീഫ്
Warning
ഇത് ഒരു സങ്കല്പ സൃഷ്ടിയാണ്. പേരുകൾ, പ്രതീകങ്ങൾ , ബിസിനസുകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ എല്ലാം രചയിതാവിന്റെ സങ്കല്പങ്ങള്‍ മാത്രമാണ്. യഥാർത്ഥ പേരെ ജീവനുള്ള / മരിച്ച , അല്ലെങ്കിൽ യഥാർത്ഥ ഇവന്റുകളിലെ ഏത് സമാനതകൾ വെറും യാദൃച്ഛികം ആണ്

TAGS:- ചെറുകഥ, Cherukadha, Small Story, Story, Real Story, Malayalam Story, True Story, True Incident, independence, independence day, flag, tri color, clouds, dark, funny, lost dream, drama, heavy rain, stae, flopp, Experience, Nostalgia, Old is Gold, funny, audio, thrissur, chettuwa, fishes, back waters, river, chettuwa puzha, FAC, Mahathma Brothers Chettuwa, memories, Challengers, GSAC, Memans, fiction, Malayalam fiction, south Indian story, Kerala story.

No comments:

Post a Comment